അഞ്ചാം ക്ലാസുകാരിയെ മരണക്കയത്തിൽ നിന്നും നീന്തിയെടുത്ത് ഷിജു ; കുട്ടികളില്ലാത്ത എനിക്ക് കാലം കരുതി വച്ച നിയോഗം

ദൈവാധീനമോ… ദൈവനിയോഗമോ…ആ നിമിഷത്തെ എങ്ങനെ വിശേഷിപ്പിച്ചിട്ടും ഷിജുവിന് മതിയായിട്ടില്ല. കുട്ടികളില്ലാത്ത വിഷമത്തില്‍ കഴിയുന്ന തന്നെ ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത് കാലം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഷിജു കരുതുന്നു. പുന്നയം പോളക്കുളത്തെ ഷിജുവിനെ കാലം ഏൽപ്പിച്ച ആ നിയോഗത്തിന്റെ കഥയറിഞ്ഞാൽ അറിയാതെയെങ്കിലും മനസു നിറയും. .

അശമന്നൂരില്‍ വെച്ച് കുത്തിയൊഴുകുന്ന കനാലില്‍ നിന്നാണ് പത്തുവയസുകാരി ആദിത്യയേയും വല്യമ്മ ബിന്ദുവിനേയും ഷിജു രക്ഷിച്ചത്. പെരുമ്പാവൂര്‍ കെഎസ്ഇബി ഓഫീസ് ജീവനക്കാരനാണ് ഷിജു പി ഗോപി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അശമന്നൂര്‍ ഗവ. യുപി സ്‌കൂളിനു സമീപമുള്ള കനാലിലെ കടവിലാണ് സംഭവം. വേലായുധന്‍-സുനിത ദമ്പതിമാരുടെ മകളാണ് ആദിത്യ. വൈകിട്ടോടെ ബിന്ദുവിന്റെ കൂടെ കുളിക്കടവിലെത്തിയ ആദിത്യ പടവിലിരുന്ന് കളിക്കുന്നതിനിടെ കാല്‍വഴുതി കനാലില്‍ വീഴുകയായിരുന്നു.

പരിഭ്രാന്തയായ ബിന്ദു ഉടനെ രക്ഷിക്കാനായി കൂടെ ചാടിയെങ്കിലും രണ്ടുപേരും ഒഴുക്കില്‍ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയുടെ കരച്ചില്‍ കേട്ടാണ് അതുവഴി ബൈക്കില്‍ വന്ന ഷിജു അപകടം ശ്രദ്ധിച്ചത്. പിന്നീട് മറ്റൊന്നും ആലോചിക്കാതെ ഈ യുവാവ് കനാലിനു കുറുകെയുള്ള നീര്‍പ്പാലത്തില്‍ നിന്നും എടുത്ത് ചാടി ഇരുവരേയും രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദിത്യയുടെ തലമുടിയില്‍ പിടിക്കാന്‍ കഴിഞ്ഞ ഷിജു പിന്നീട് ബിന്ദുവിനേയും വലിച്ച് കരയ്ക്കടുപ്പിച്ചു. ഈ സമയം റോഡിലൂടെ ബൈക്കില്‍ വരികയായിരുന്ന രണ്ടുപേര്‍കൂടി രക്ഷാപ്രവര്‍ത്തനത്തിന് എത്തി. ഇവരുടെ സഹായത്തോടെ ഇരുവരെയും കരയിലെത്തിക്കുകയായിരുന്നുവെന്ന് ഷിജു പറയുന്നു. ആദിത്യയ്ക്കും ബിന്ദുവിനും നീന്തലറിയാത്തതാണ് അപകടത്തിന് കാരണമായത്. വേലായുധന്‍-സുനിത ദമ്പതിമാര്‍ക്ക് എട്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആദിത്യ ജനിച്ചത്.

എട്ടുവര്‍ഷമായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഷിജു തന്നെ ആദിത്യയെ രക്ഷിക്കാനായെത്തിയത് ദൈവ നിശ്ചയമെന്നാണ് കുടുംബം പ്രതികരിക്കുന്നത്. അശമന്നൂര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യ. ജോലിയുടെ ഭാഗമായി പഠിച്ച രക്ഷാപ്രവര്‍ത്തന പാഠങ്ങള്‍ സഹായിച്ചതായി ഷിജു പറയുന്നു. പുന്നയത്ത് ടെയ്‌ലറിങ് ഷോപ്പ് നടത്തുകയാണ് ഷിജുവിന്റെ ഭാര്യ ഗീത. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തോളമായെങ്കിലും ഇവര്‍ക്ക് കുട്ടികളില്ല. ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്നതിനു വേണ്ടിയാണ് ഷിജു ചൊവ്വാഴ്ച അവധിയെടുത്തത്. ബുധനാഴ്ച ഓഫീസിലെത്തിയ ഷിജുവിന് സഹപ്രവര്‍ത്തകരുടെ വക അനുമോദനവും പുരസ്‌കാരവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *