45,000 കിലോ സ്വര്‍ണവുമായി കടലിനടിയില്‍ ഒരു കപ്പല്‍ പക്ഷെ നിധിക്ക് വേണ്ടി വരുന്നവര്‍ക്ക് നേരിടേണ്ടത് മരണകെണി

സ്വര്‍ണവേട്ടക്കാരെ മോഹിപ്പിക്കുന്ന ഈ നിധി ഒളിച്ചിരിക്കുന്നത് പതിനേഴാം നൂറ്റാണ്ടില്‍ മുങ്ങിപ്പോയ മെര്‍ച്ചന്റ് റോയല്‍ എന്ന ചരക്കുകപ്പലിലാണ്. അടുത്തിടെ കപ്പലിന്റെ നങ്കൂരങ്ങളിലൊന്നു മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങിയെന്നാണു പുതിയ വാര്‍ത്ത. കോടികളുടെ സ്വര്‍ണമുള്ള ഈ കപ്പലുള്ളത് ഇംഗ്ലണ്ടിലെ ലാന്‍ഡ്‌സ് എന്‍ഡ് തീരത്തു നിന്ന് 20 മൈല്‍ മാറിയുള്ള ആഴക്കടലിലാണ്.

ഏകദേശം 10,000 കോടി രൂപ വരും ഇതിന്‍റെ മൂല്യം. പക്ഷെ വിദഗ്ധരുടെ നിര്‍ദേശം ഇതെടുക്കാന്‍ ആഴക്കടലിലേക്കിറങ്ങരുതെന്നാണു. കാരണം ഏകദേശം 300 അടി ആഴത്തില്‍ കടല്‍ തന്നെ ഒരുക്കിയ കെണികളും അത്രയേറെ ചതിക്കുഴികളുമാണ് കാത്തിരിക്കുന്നത്. സ്പാനിഷ് കപ്പലായ മര്‍ച്ചന്റ് റോയലില്‍ ഏകദേശം 45,000 കിലോ സ്വര്‍ണക്കട്ടികളുണ്ടായിരുന്നുവെന്നതു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

വിലയേറിയ 400 മെക്‌സിക്കല്‍ സില്‍വര്‍ ബാറുകളും പീസ് ഓഫ് എയ്റ്റ് എന്നറിയപ്പെടുന്ന അരലക്ഷം സ്പാനിഷ് ഡോളര്‍ നാണയങ്ങളും! ഇതോടൊപ്പം മുങ്ങിയ മറ്റു നാണയങ്ങളും കാലപ്പഴക്കം നോക്കുമ്പോള്‍ വിലമതിക്കാനാകാത്തതാണ്. തീരത്തു നിന്നു മാറി ഏറ്റവുമധികം അപകടം പതിയിരിക്കുന്ന മേഖലയിലാണു കപ്പല്‍ തകര്‍ന്നിരിക്കുന്നതെന്ന് പുരാവസ്തു ഗവേഷകരും പറയുന്നു. സാധാരണ ഡൈവര്‍മാര്‍ ഇവിടേക്കു പോയാല്‍ ജീവനോടെ മടങ്ങി വരാനാകില്ല.

പതിനേഴാം നൂറ്റാണ്ടില്‍ യുകെ തീരത്തു മുങ്ങിയ മറ്റൊരു കപ്പലില്‍ നിന്നു ചരിത്രമൂല്യമുള്ള വന്‍ നിധി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ബ്രിട്ടന്റെ ഏറ്റവും ‘വിലപിടിച്ച’ ചരക്കുകപ്പലെന്നു േപരെടുത്ത ‘പ്രസിഡന്റ്’ ആണ് 1684 ഫെബ്രുവരിയില്‍ മുങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള വജ്രങ്ങളും രത്‌നക്കല്ലുകളുമായി വരുമ്പോള്‍ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *